Saturday, June 27, 2009

എന്റെ പ്രണയം

രാവ് മുഴുവന്‍
കണ്ണിമ വെട്ടാതെ
കാത്തിരുന്നിട്ടും..
എന്‍ പ്രണയമെന്തേ..
തളിരണിഞ്ഞില്ല

അവന്‍ തീര്‍ത്ത
അക്ഷരക്കൂട്ടങ്ങള്‍
എന്റെ സിരകളില്‍
ഉന്മാദത്തിന്റെ
മോഹത്തിന്റെ
പ്രണയ മൊട്ടുകള്‍

തീര്‍ത്തതില്‍ നിന്നും
ഞാനൊന്നെടുത്തു വെച്ചിട്ടും
പ്രണയമലരായ്
വിടരാഞ്ഞതെന്തേ...?

അറിയുന്നു ഞാന്‍

എന്നിലാ പ്രണയം
കിളിര്‍ക്കാന്‍
എന്നെ പുണര്‍ന്നു
താഴുകിത്തലോടി

കടന്നു പോയാ
മന്ദ മാരുതനില്‍
അവന്റെ പ്രണയത്തിന്‍
പൂമ്പൊടി ഇല്ലായിരുന്നു.

അകലങ്ങളില്‍

എന്റെ സ്വപ്നങ്ങളില്‍

എന്റെ വികാരങ്ങളില്‍

ഒരു വേദനയായി
അവന്‍റെ പ്രണയം

നീറി നില്‍ക്കട്ടെ

പ്രണയ നീറ്റലില്‍

എന്റെ പ്രണയം

എന്റെയുള്ളില്‍ മാത്രം

അവന്‍ പോലുമറിയാതെ

തളിരണിയട്ടെ..

എന്റെ പ്രണയം

അതെനിക്ക് മാത്രം.

Sunday, May 10, 2009

വെറുതേ അല്‍പ്പം വ്യഥകള്‍

രാവിലെ മുതല്‍ കടുത്ത തലവേദന

മൈഗ്രയിനാകുമെന്ന് അമ്മ

കാലില്‍ ഉപ്പൂറ്റി കടഞ്ഞതിന്‍ കാരണം

ഏറെ നടന്നിട്ടാണ് എന്നച്ഛന്‍

വയറില്‍ കൊരുത്തൊരു വേദന വന്നത്

പിരീഡ് ചക്രത്തിന്‍ ന്യൂനം

കൈകളില്‍ നേര്‍ത്തൊരു വേദന ശമിക്കാത്ത്

ഹേതു ഈ കാവ്യ സൃഷ്ടിപ്പോ?

വേദന കൊണ്ടെന്റെ മനസ്സ് മടുക്കുമ്പോള്‍

സാന്ത്വനമെകാനായ് ഇന്നില്ലാരും

അക്കാരണത്താല്‍ ഇന്നെന്‍ മനോവ്യഥ

നിത്യ ഹരിതമായ്‌ മാറീടുമോ?

Thursday, April 2, 2009

ആലിപ്പഴങ്ങള്‍


ഇന്നലെ ആലിപ്പഴങ്ങള്‍ ഉതിര്‍ന്നു വീണിരുന്നു,
എന്റെ ബാല്‍ക്കണിയിലെ ഇത്തിരിപ്പോന്ന മുറ്റത്ത്
കൈക്കുമ്പിളില്‍ കോരി ഞാന്‍ സൂക്ഷിച്ചുവെച്ചപ്പോള്‍
ഇഷ്ട്ടക്കേടോടെ പിണങ്ങി കരയാന്‍ തുടങ്ങിയവള്‍
സ്നേഹത്താല്‍ ഞാനവളെയെന്‍ മാറോട് ചേര്‍ത്തുവെച്ചു,
എങ്കിലും അവള്‍ കൂടുതല്‍ രൌദ്രമായ് കണ്ണുനീര്‍ വാര്‍ത്തു,
എന്‍ മനതാരിലെ ചെപ്പിലൊളിപ്പിച്ച മോഹങ്ങള്‍ തന്‍ ചൂടേറ്റ്,
അലിഞ്ഞില്ലാതായൊരെന്‍ മിത്രത്തെ, എന്റെ വിരുന്നു കാരിയെ,
മാറിലൊരു മുറിപ്പാട് ശേഷിപ്പിച്ച്‌ മാഞ്ഞു പോകുന്നത്,
ഒരു ചെറു നെടുവീര്‍പ്പോടെ നോക്കി നിന്നു ഞാന്‍,
ഇനിയും നഷ്ട്ടപ്പെടാത്തൊരു മിത്രത്തെ കാത്തു നിന്നു ഞാനാ,
ജാലകവിരികള്‍ക്കിപ്പുറം, നീറുന്ന, മുറിവേറ്റ മാറില്‍ കൈ വെച്ച്,
ഇനിയും ഉതിരാന്‍ വൈകിയ ആലിപ്പഴങ്ങളെ പ്രതീക്ഷിച്ച്,
ഒരിക്കലും മാഞ്ഞു പോകാത്തൊരു ആലിപ്പഴങ്ങളെ പ്രതീക്ഷിച്ച്.....